ഉരുക്കു മനുഷ്യന്‍

മഹ്റൂഫ് കോട്ടാട്ടില്‍

ചരിത്രം എന്നത് കഴിഞ്ഞുപോയ പലരുടെയും ജീവിതാനുഭവങ്ങളാണ്. ഒരു വ്യക്തിയുടെ ജീവിതം തങ്കലിപികളാൽ ചരിത്രമായി കുറിച്ചിടണമെങ്കിൽ അദ്ദേഹം സമൂഹത്തിൽ എന്തെങ്കിലും തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടായിരിക്കും. അങ്ങനെ ഒരു ജീവിതം സുവർണ്ണ ലിപികളിൽ ഉല്ലേഖനം ചെയ്യപ്പെടാൻ മാത്രം ചലനങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് ഇരിങ്ങല്ലൂർ അമ്പലമാട് ദേശത്തെ മൂചിക്കടവന്‍ പൈക്കാട്ട് അയമു ഹാജി. പട്ടിണി പരിവട്ടങ്ങളുടെ പൊരിവെയിലിൽ വെന്തുനീറി കഴിയുന്ന പലരുടെയും തണലായിരുന്ന അയമു ഹാജി നാട്ടിലെ നൂറുകൂട്ടം നീറി പുകയുന്ന കുടുംബ പ്രശ്നങ്ങൾക്കും പള്ളി മദ്രസ കമ്മിറ്റികളിലെ പ്രതിസന്ധികൾക്കും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിരുന്ന കാരണവരായിരുന്നു.

രാഷ്ട്രീയ യാത്രയിൽ കോൺഗ്രസിന്റെ പാത പിന്തുടർന്ന നേതാവായിരുന്ന അയമു ഹാജി, മത കാര്യങ്ങളിൽ കണിശത പുലർത്തിയിരുന്നു. നാട്ടുകാർ തന്നെ പറയുന്നത്, ചവർപ്പ് അനുഭവപ്പെട്ടാലും സത്യത്തിന്റെ കൂടെ നിൽക്കാന്‍ ഒരു മടിയുമില്ലായിരുന്നു അദ്ദേഹത്തിന്‌ എന്നാണ്, അതിനി ഒറ്റയ്ക്കാണെങ്കിൽ പോലും.

1929ൽ ജനിച്ച അദ്ദേഹം, പിതാവ് കുഞ്ഞീദൂട്ടിയുടെയും മാതാവ് ഇയ്യാച്ചകുട്ടിയുടെയും(പിതൃ സഹോദര പുത്രി) മൂത്ത മകനായി ഇരിങ്ങല്ലൂരിൽ തന്നെയാണ് ജനിച്ചതും വളർന്നതും. പിന്നീട്, താൻ ജനിച്ചു വളർന്ന മൂച്ചിക്കടവൻ പൈക്കാട്ട് തറവാടിന്‍റെ കാരണവർ കൂടിയായി കോട്ടാട്ടില്‍ അയമു ഹാജി. എല്ലാത്തിനും അദ്ദേഹത്തിന്റെ താങ്ങും തണലുമായി കൂടെ നിന്നിരുന്നു ഭാര്യ പാത്തുമ്മകുട്ടി. ഏഴു മക്കളായിരുന്നു ഉണ്ടായിരുന്നത്. കർഷകനായിരുന്ന ഹാജിയാർ തന്‍റെ കൃഷി വരുമാനത്തിലെ ഒരു പങ്ക് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വിനിയോഗിക്കുകയും, കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ ഇടപഴകുകയും ചെയ്യുമായിരുന്നു.

ആശയപരമായും, രാഷ്ട്രീയമായും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു. എടുത്ത തീരുമാനത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക സുസാധ്യമായിരുന്നില്ല. താന്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏതറ്റം വരെയും പോകുമായിരുന്നു ഹാജി. ചെറുപ്പം മുതലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. നാടിന്‍റെ നാടിമിടിപ്പ് കണ്ടറിഞ്ഞ് പ്രവർത്തിച്ച ഹാജിയാർ, പറപ്പൂർ പഞ്ചായത്തിലെ നാലാം വാർഡില്‍ ദീർഘകാലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇപ്പോള്‍ മജ്മഅ് എന്ന സ്ഥാപനത്തിലേക്കും, മഠത്തിൽ പള്ളിയിലേക്കും ഉള്ള പൈക്കാട്ട് റോഡ് യാഥാര്‍ത്ഥ്യമാക്കിയതിലും ഇരിങ്ങല്ലുര്‍ AMLP സ്കൂളിലേക്ക് ഉള്ള റോഡ് കൊണ്ട് വന്നതിലും ചുക്കാൻ പിടിച്ച വ്യക്തിയുമായിരുന്നു.

മൂന്ന് തവണ ഹയാത്തുൽ ഉലൂം മദ്രസ പ്രസിഡന്‍റ്റായിരുന്ന അദ്ദേഹം സമൂഹത്തിന്‍റെ ഒരുമക്കു വേണ്ടി, ഏതെങ്കിലും പക്ഷം പിടിക്കാതെ, എല്ലാവരേയും ചേർത്തുനിർത്തി. മദ്രസാ പ്രസിഡന്റ് പദവിയിൽ ഇരിക്കെതന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗവും.

ഇരിങ്ങല്ലൂര്‍ അമ്പലമാട്ടിലെ പ്രസിദ്ധമായ മജ്മഉദ്ദഅ്വത്തില്‍ ഇസ്ലാമിയ്യ സ്ഥാപിക്കാനയി മുൻകൈയെടുക്കുകയും, 1990ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തില്‍ അദ്ദേഹം മരണംവരെയും പ്രസിഡന്റ്സ്ഥാനത്ത് തുടരുകയും ചെയ്തു. ഇവിടെ പഠിക്കുന്ന കുട്ടികളുടെ ചിലവിനു വേണ്ടി പരപ്പനങ്ങാടിയിൽ ഭൂമി വാങ്ങാൻ മുൻകൈ എടുത്തതും അദ്ദേഹമായിരുന്നു. ആദ്യകാലത്ത് ഈ സ്ഥാപനത്തിന്‍റെ അമരത്തേക്ക്‌ മർഹൂം വെള്ളില ഫൈസി ഉസ്താദിനെയായിരുന്നു നിയോഗിച്ചിരുന്നത്. ഹാജിയാരുടെയും വെള്ളില ഫൈസിയുടെയും സൗഹൃദബന്ധം ഇഴ പിരിയാത്ത ആത്മീയ ബന്ധത്തിന്റെ ചരടിൽ കോർത്തിണിക്കപ്പെട്ടിരുതായിരിന്നു.

ചെരുപ്പിന്‍റെ വാറോളം ചേർന്നിരിക്കുന്ന മരണമെന്ന സഹയാത്രികൻ തന്നെയും കൊണ്ട് പോകാനായി എന്ന് അദ്ദേഹത്തിന് തന്നെ തോന്നിയപ്പോൾ റബ്ബിന്റെ വിളിക്കുത്തരം നൽകാൻ മാനസികമായി തയ്യാറെടുത്തിരുന്നു. മരിക്കുന്നതിന്റെ മൂന്നു ദിവസം മുന്നേ തന്നെ മഠത്തിൽ പള്ളിയിൽ രണ്ട് ഖബർ കുഴിപ്പിക്കുകയും ഒരു ഖബർ മണ്ണിട്ട് മൂടാതെ തുറന്ന് വെക്കാനും നിർദ്ദേശിച്ചു. May 01, 2004 റബീഉൽ അവ്വൽ 11 ഇഷാ-മഗരിബിനിടയില്‍, മജ്മഇല്‍ നബിദിനാഘോഷം നടക്കുന്നതിനിടയിലാണ്, അദ്ദേഹം ഇലാഹിന്‍റെ സന്നിധിയിലേക്ക് പോയത്. മണ്ണിട്ട് മൂടാതെ മാറ്റിവെച്ച ആ ഖബറിലാണ് അദ്ദേഹത്തെ ഖബറടക്കിയതും.