മൂച്ചിക്കടവൻ പൈക്കാട്ട് കുടുംബം

കടലുണ്ടിപ്പുഴയുടെ തീരത്ത്, ഇരിങ്ങല്ലൂര്‍, പാറക്കടവിനും കാഞ്ഞീരക്കടവിനും ഇടയില്‍ ആയിരത്തി എണ്ണൂറ്റി അറുപതുകളില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന പൈക്കാട്ട് തറവാട് വീട്* ഇന്ന് അതേ രൂപത്തില്‍ അവശേഷിക്കുന്നില്ല, ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു മാറ്റി അപ്പോഴത്തെ അവകാശികള്‍ പുതുക്കി പണിതു.

*ചിത്രത്തില്‍ കാണുന്നത് കുടുംബാംഗമായ ഇബ്രാഹിം അരീക്കോട് അദ്ദേഹത്തിന്‍റെ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള ഓര്‍മകളില്‍ നിന്നും കടലാസിലേക്ക്‌ പകര്‍ത്തിയ വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് നിന്നുമുള്ള കാഴ്ച്ചയാണ്. അതിന്‍റെ ഗ്രാഫിക്കല്‍ ഇമേജ് നിര്‍മ്മിച്ചത്, അദ്ദേഹത്തിന്‍റെ ആര്‍ക്കിടെക്റ്റായ മകന്‍.


ലഭ്യമായ രേഖകൾ വെച്ച് പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിൽ തന്നെ ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വസിച്ചിരുന്ന ഒരു പുരാതന കുടുംബമായിരുന്നു "മൂച്ചിക്കടവൻ" കുടുംബം. ലിഖിത രേഖകളൊന്നും ലഭ്യമല്ലെങ്കിലും വാമൊഴിയായി കുടുംബത്തിനകത്ത് പറഞ്ഞ് വരുന്നത് പ്രകാരം, ഇന്നത്തെ ഏറനാട് താലൂക്കിലെ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരാണിവർ.

പതിനെട്ടാം നൂറ്റാണ്ടിലെ പ്രദേശത്തെ ഭാഷാ ശൈലി മൂലം (ഒരു പരിധി വരെ ഇന്നും) കുടുംബത്തിലെ പല വീട്ടുകാരുടെയും കുടുംബ നാമം "മൂച്ചിക്കാടൻ" എന്നായി ലോപിച്ചെങ്കിലും "മൂച്ചിക്കടവ"നും "മൂച്ചിക്കാട"നും പൊതു പൂർവ്വികരാണുള്ളത്.

ആയിരത്തി എണ്ണൂറ്റി മുപ്പതുകളിൽ ഒതുക്കുങ്ങലിൽ താമസിച്ചിരുന്ന കുഞ്ഞിപ്പോക്കര്‍ എന്ന ഒരു മൂച്ചിക്കടവൻ കുടുംബാംഗം, ഒതുക്കുങ്ങൽ പഞ്ചായത്തിലെ തന്നെ കൈപറ്റയിലെ പ്രശസ്ത കുടുംബമായ ഉമ്മിണിക്കടവത്ത് കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കുകയും താമസം കൈപ്പറ്റയിലേക്ക് മാറ്റുകയും ചെയ്തു.

പ്രസ്തുത വ്യക്തിയുടെ രണ്ടാൺമക്കളിൽ മുതിർന്ന ആളായിരുന്നു കുഞ്ഞാൻ എന്ന് വിളിപ്പേരുള്ള കുഞ്ഞിമായിൻ. ഇദ്ദേഹം വിവാഹം കഴിച്ചത് അക്കാലത്ത് ഇരിങ്ങല്ലൂരിലെ പ്രശസ്തനും പൗര പ്രമുഖനുമായിരുന്ന കല്ലൻ കുന്നൻ കമ്മു (കേക്കാനിൽ) എന്നവരുടെ മകൾ കദിയ എന്നവരെ ആയിരുന്നു. ഭാര്യാ പിതാവിൻറെയും നിലവിൽ ഇരിങ്ങല്ലൂരിൽ താമസമാക്കിയിരുന്ന പിതൃ സഹോദര പുത്രൻമാരുടെയും പ്രേരണയിൽ ആയിരത്തി എണ്ണൂറ്റി അറുപതുകളിൽ കുഞ്ഞാൻ പാപ്പ ഇരിങ്ങല്ലൂരിലേക്ക് താമസം മാറ്റി.

മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ ഭാര്യാ പിതാവിനൊപ്പം സജീവമായിരുന്ന കുഞ്ഞാന്‍റെയും ഭാര്യാ പിതാവ് കമ്മുവിന്‍റെയും പേരുകൾ, അക്കാലത്ത് നിർമിച്ച പാലാണി ജുമാ മസ്ജിദിന്റെ അഞ്ച് പ്രധാന കാര്യദർശികളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം (പാലാണി പള്ളി ദര്‍സിന്‍റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്, കൂടാതെ 2023 ലെ സുവനീറായ, “അല്‍ ഇത്തിഹാദി”ന്‍റെ പേജ് 21ല്‍ പ്രസ്തുത കാര്യം വീണ്ടും പരാമര്‍ശിക്കുന്നുണ്ട്. “ഇങ്ങനെ ഒരു പള്ളി ഇരിങ്ങല്ലുരില്‍ നിര്‍മ്മിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ വെട്ടം നിവാസിയായ അന്നത്തെ ഒരു കാരണവര്‍” എന്ന് പേരു പറയാതെ പരാമര്‍ശിക്കുന്നത് കേക്കനിലെ കമ്മു പാപ്പയെ ആണ്). പിൽക്കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ കുഞ്ഞാന്‍ സാഹിബും പുത്ര - പൗത്രൻമാരും കോൺഗ്രസ് സഹയാത്രികരായി. ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പല പ്രാദേശിക നേതൃത്വങ്ങളിലും അദ്ധേഹത്തിന്‍റെ പിന്മുറക്കാരുണ്ട്.

കുഞ്ഞാന്‍ പാപ്പ ഇരിങ്ങല്ലൂരിലേക്ക് താമസം മാറുമ്പോള്‍ അദ്ധേഹം വീട് നിര്‍മിച്ച പ്രദേശത്തിന്‍റെ പരിസരത്ത് അദ്ധേഹത്തിന്‍റെ മൂന്ന്‌ പിതൃ സഹോദര പുത്രന്മാര്‍ താമസമുണ്ടായിരുന്നു. ചെറുപൈക്കാട്ട് കുഞ്ഞാന്‍ കുട്ടി, മാട്ടില്‍ കുഞ്ഞഹമ്മദ്, പുത്തന്‍ വീട്ടില്‍ മൊയ്തീന്‍ എന്നിവരായിരുന്നു ഇവര്‍. പില്‍ക്കാലത്ത് കുഞ്ഞാന്‍ പാപ്പ താമസിക്കുന്ന പുരയിടത്തിന്‍റെ പേരായ പൈക്കാട്ട് കൂടി ഉള്‍പ്പെടുത്തി കുടുംബ നാമം “മൂചിക്കടവന്‍ പൈക്കാട്ട്” എന്ന് പുനര്‍നാമകരണം ചെയ്തപ്പോള്‍ മുകളില്‍ പരാമര്‍ശിച്ച മൂന്ന് പിതൃ സഹോദര പുത്രന്മാരില്‍ പുത്തന്‍ വീട്ടില്‍ മൊയ്തീന്‍ എന്നവര്‍ ഒഴികെ മറ്റു രണ്ട് പേരും “മൂചിക്കടവന്‍ പൈക്കാട്ട്” കുടുംബ നാമമായി സ്വീകരിച്ചെങ്കിലും മൊയ്തീന്‍ “മൂചിക്കടവന്‍ പുത്തന്‍വീട്ടില്‍” എന്നാണ് കുടുംബ നാമമായി സ്വീകരിച്ചത്. ഈ രണ്ടു കുടുംബങ്ങള്‍ക്കുമൊപ്പം പലാണി, കുറ്റിത്തറ എന്നീ പ്രദേശങ്ങളിലുള്ള “മൂച്ചിക്കാടന്‍” കുടുംബങ്ങളും പരസ്പരം രക്ത ബന്ധുക്കളാണെന്ന് പല പൂര്‍വ്വികരും പറഞ്ഞു കേട്ടിട്ടുണ്ട്.

ഈ കുടുംബ നാമ മാറ്റത്തിനു കാരണമായി പൂര്‍വ്വികര്‍ പറഞ്ഞിരുന്ന മറ്റൊരു കാര്യം, പാലാണി പള്ളിയുമായി ബന്ധപ്പെട്ടതാണ്. പാലാണി പള്ളി നിര്‍മിച്ചു അധികം താമസിയാതെ, കുഞ്ഞാന്‍ പാപ്പയും കുടുംബവും പള്ളിയുടെ മറ്റു ചില കാര്യദര്‍ശികളുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താമസിക്കുന്ന വീടിനടുത്ത് തന്നെ മറ്റൊരു പള്ളി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പൈക്കാട്ടെ പറമ്പിനടുത്ത് തന്നെയുള്ള മഠത്തില്‍ പറമ്പില്‍ പള്ളി നിര്‍മിക്കുന്നത്. കുഞ്ഞാന്‍ സാഹിബ് ജീവിച്ചിരിക്കെ തന്നെ മരണപ്പെട്ട മകന്‍ കുഞ്ഞിമൊയ്തീന്‍റെ ഖബര്‍ മാത്രമാണ് കുടുംബത്തില്‍ നിന്ന് പാലണിയിലുള്ളത് എന്നതില്‍ നിന്നും പാലാണി പള്ളി നിര്‍മിച്ചു അധികം താമസിയാതെതന്നെ മഠത്തില്‍ പള്ളിയും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

കുഞ്ഞാന്‍ പാപ്പ ജീവിച്ചിരിക്കെ തന്നെ തയ്യാറാക്കിയ വസ്തു ഭാഗ പത്രത്തില്‍ വായിക്കാന്‍ കഴിയുന്നത് പ്രകാരം, മഠത്തില്‍ പറമ്പില്‍ അന്ന് അദ്ധേഹത്തിന്‍റെ അധീനതയില്‍ ഉണ്ടായിരുന്ന ഭാഗത്ത് നിര്‍മിച്ച പള്ളിയുടെ നടത്തിപ്പ് ചിലവുകള്‍ക്ക്, ആ പറമ്പിലെ ആദായങ്ങള്‍ ഉപയോഗിക്കാന്‍ മാത്രമല്ല, അത് കൈകാര്യം ചെയ്യാന്‍ മക്കളിലോരാളെ ചുതലപ്പെടുത്തിയതും കാണാം. എന്ന് മാത്രമല്ല, പള്ളിക്കര്യങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏത് സാഹജര്യങ്ങളെയും നേരിടെണ്ടതിനെ കുറിച്ച് അതെ ഭാഗ പത്രത്തില്‍ തന്നെ പ്രതിപാദിച്ചത് അദ്ധേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിനു തെളിവാണ്. പില്‍ക്കാലത്ത് അദ്ധേഹത്തിന്‍റെ പിന്മുറക്കാര്‍ വിട്ടു നല്‍കിയ വേറെയും പല ഭൂമികള്‍ ഇന്ന് മഠത്തില്‍ പള്ളിക്ക് വരുമാനത്തിനായുണ്ട്. രണ്ടു വര്‍ഷം മുമ്പ്, പള്ളി ഭരണവും ഖബര്‍സ്ഥാനും പൊതു ജനങ്ങള്‍ക്കും കൂടി വിട്ടു നല്‍കുകയും പള്ളിയില്‍ ജുമുഅ ആരംഭിക്കുകയുമുണ്ടായി.

പള്ളി മാത്രമല്ല ഇന്നത്തെ ഹയാതുല്‍ ഉലൂം മദ്രസയുടെ ആദ്യ രൂപം സ്ഥാപിച്ചതും ഇതേ മഠത്തില്‍ പറമ്പിന്‍റെ ഒരറ്റത്താണ്. കുടുമ്പം നടത്തിപ്പോന്നിരുന്ന പ്രസ്തുത സ്ഥാപനത്തിന്‍റെ നടത്തിപ്പിന് സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ പില്‍ക്കാത്ത്‌ കുഞ്ഞാന്‍ പാപ്പയുടെ ഇളയ മകന്‍ കുഞ്ഞാലന്‍ കുട്ടി ഹാജി മദ്രസിന് വിട്ടു നല്‍കിയ പറമ്പിലുമായി ഇന്ന് മദ്രസ പ്രവര്‍ത്തിക്കുന്നത് രണ്ട് കെട്ടിടങ്ങളിലാണ്. ഇത് കൂടാതെ കുഞ്ഞാന്‍ പാപ്പയുടെ പിന്മുറക്കാര്‍ വിട്ടു നല്‍കിയ പുള്ലാട്ടങ്ങാടി, ചീനിപ്പടിയിലെ “പേങ്ങാട്ട്തൊടിക” എന്ന പറമ്പും ഇന്ന് മദ്രസയുടെ കീഴിലുണ്ട്. പില്‍ക്കാലത്ത് മദ്രസ നടത്തിപ്പ് പൊതു ജനങ്ങള്‍ക്ക് വിട്ടു നല്‍കുകയും നാട്ടുകാരടങ്ങുന്ന കമ്മറ്റി രൂപീകരിക്കുകയുമാണ് ഉണ്ടായത്.

ഈ അടുത്ത കാലത്ത്, മദ്രസയുടെ നടത്തിപ്പിലേക്ക് കുഞ്ഞാലന്‍ കുട്ടി ഹാജി വിട്ടു നല്‍കിയ അമ്പലമാട്ടിലുള്ള ഭൂമിയില്‍ മദ്രസ കെട്ടിടത്തിനു പുറമെ ഒരു ഓഡിറ്റോറിയം നിര്‍മിക്കാന്‍ കമ്മറ്റി ആലോചിക്കുകയും അതിനു തുടക്കം കുറിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പരാധീനതകളില്‍ അക്കാര്യം വഴി മുട്ടി നിന്നപ്പോള്‍ സാമ്പത്തികമായും ശാരീരികമായും അതിനു മുന്നിട്ടിറങ്ങി അത് പൂര്‍ത്തീകരിച്ചവരില്‍ പൈകാട്ട് മൊയ്തീന്‍ ഹാജിയെയും (കുഞ്ഞാന്‍ പാപ്പയുടെ മകന്‍ കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ പൗത്രന്‍) മാങ്കാവില്‍ കോയാമു ഹാജിയെയും (കുഞ്ഞാന്‍ പാപ്പയുടെ പൗത്രന്‍ കോയാമു ഹാജിയുടെ പൗത്രന്‍) വിസ്മരിക്കാന്‍ കഴിയില്ല.

പാലണി പള്ളിക്ക് പുറമെ അടുത്ത കാലത്ത് നിര്‍മ്മിച്ച കോട്ടപ്പറമ്പ് പള്ളിയുടെ കാര്യത്തിലും കുടുംബം വഹിച്ചത് നിസ്തുലമായ പങ്കാണ്. ചേനത്തെ കുഞ്ഞിമായിന്‍ ഹാജി (കുഞ്ഞാന്‍ പാപ്പയുടെ പൗത്രന്‍) പള്ളി നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമിയുടെ ഒരു പങ്ക് വിട്ടു നല്‍കിയത്, സാമ്പത്തികമായും അല്ലാതെയും സജീവ പങ്കാളിത്തം വഹിച്ച മാങ്കാവില്‍ മുഹമ്മദ്‌ കുട്ടി ഹാജിയുടെ (കുഞ്ഞാന്‍ പാപ്പയുടെ മൂത്ത പുത്രന്‍റെ പൗത്രന്‍) സംഭാവനകള്‍, UAE രാജ കുടുംബാംഗത്തില്‍ നിന്ന് അക്കാലത്ത് അദ്ധേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുകയായിരുന്ന കോട്ടാട്ടില്‍ മമ്മുദു ഹാജി (കുഞ്ഞാന്‍ സാഹിബിന്‍റെ പൗത്രന്‍ കുഞ്ഞീദുട്ടി അവര്‍കളുടെ പൗത്രന്‍) പള്ളി നിര്‍മാണ ഫണ്ടിന്‍റെ സിംഹ ഭാഗവും സംഘടിപ്പിച്ചത്, ഈയടുത്ത കാലത്ത് ഖബര്‍സ്ഥാന്‍ വികസിപ്പിക്കുന്നതിലേക്ക് കുടുംബത്തില്‍ നിന്ന് സ്വരൂപിച്ചു നല്‍കിയ അഞ്ചു സെന്റ് ഭൂമിക്കുള്ള തുക എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

കുഞ്ഞാന്‍ പാപ്പയുടെയും പിതൃ സഹോദരരുടെയും ചരിത്രം പറഞ്ഞു പോകുമ്പോള്‍ അദ്ധേഹത്തിന്‍റെ പിന്മുറക്കാരില്‍ ചിലരെയെങ്കിലും പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല. മുഹമമദ് കുട്ടിഹാജി വടക്കെതൊടിയില്‍ സ്വാതന്ത്ര്യ സമര സേനാനിയും കോണ്ഗ്രസ് നേതാവും പൗര പ്രമുഘനുമായിരുന്ന നാട്ടുകാരുടെ “വടക്കെതൊടീലെ അയമുട്ടികാക്ക” കുഞ്ഞാന്‍ പാപ്പയുടെ മകന്‍ അബ്ദുറഹിമാന്‍ കുട്ടി അവര്‍കളുടെ മൂത്ത മകനായിരുന്നു.

കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ പുത്തന്‍ പുരക്കല്‍

ഒരു വ്യാഴവട്ടക്കാലം അധ്യാപകാനായിരുന്ന മാസ്റ്റര്‍ നാട്ടുകാര്‍ക്ക് “കുഞ്ഞുമ്മുട്ട്യാസ്റ്റ്” ആയിരുന്നു. ശുദ്ധനും നിര്‍മലനുമായിരുന്ന അദേഹത്തെ ജോലി ചെയ്തിരുന്ന കൈപറ്റയിലെ പഴയ തലമുറ ഇപ്പോഴും അന്വേഷിക്കാറുണ്ട്. കുഞ്ഞാന്‍ പാപ്പയുടെ മകന്‍ കുഞ്ഞിമ്മു അവര്‍കളുടെ ഇളയ മകനായിരുന്നു മാസ്റ്റര്‍.

കമ്മു മാസ്റ്റര്‍ കാരാട്ട് തൊടിയില്‍

ദീര്‍ഘ കാലം ഇരിങ്ങല്ലൂര്‍ ഈസ്റ്റ് സ്കൂളിലെ അധ്യാപകനും പിന്നീട് സൗദി അറേബ്യയില്‍ പ്രവാസിയുമായിരുന്നു മാസ്റ്റര്‍, അദ്ധ്യാപകന്‍ എന്നതിലുപരി, രാഷ്ട്രീയ സാമൂഹ്യ മേഘലകളില്‍ സജീവ സാന്നിധ്യമായിരുന്നു. മാസ്റ്റര്‍ അദ്ധേഹത്തിന്‍റെ പ്രവര്‍ത്തന കാലത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ ആകെ തന്നെ സുപരിചിതനായിരുന്നു. പരമ്പരാഗത കോണ്ഗ്രസ് കുടുംബത്തില്‍ ഉണ്ടായിരുന്ന ചുരുക്കം മുസ്ലിം ലീഗുകാരില്‍ ഒരാളായിരുന്ന അദ്ദേഹം പറപ്പൂര്‍ പഞ്ചായത്ത് ബോഡിലും, മുസ്ലിം ലീഗ് ജില്ല കമ്മറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. കുഞ്ഞാന്‍ പാപ്പയുടെ മൂന്നാമത്തെ മകന്‍ കമ്മു അവര്‍കളുടെ പൗത്രനായിരുന്നു കമ്മു മാസ്റ്റര്‍.

അയമു ഹാജി കോട്ടാട്ടില്‍

“കോട്ടാട്ടിലെ അയമുകാക്ക” അമ്പലമാട് പ്രദേശത്തുള്ളവര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമായിരുന്നു. കോണ്ഗ്രസ് രാഷ്ട്രീയത്തിലും നാട്ടിലെ സാധാരണക്കാരുടെ പ്രശനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അദ്ധേഹം കുഞ്ഞാന്‍ പാപ്പയുടെ മകന്‍ കുഞ്ഞിമ്മു അവര്‍കളുടെ പൗത്രനായിരുന്നു.

മുഹമമദ് കുട്ടിഹാജി മാങ്കാവില്‍

“എംപി” എന്നറിയപ്പെട്ടിരുന്ന ഹാജിയെക്കുറിച്ച് പറയുമ്പോള്‍ കോട്ടപ്പറമ്പ് പള്ളിയും അതിന്‍റെ നിര്‍മ്മാണവും ഓര്‍ക്കാതിരിക്കാനാവില്ല. അതിന്‍റെ നിര്‍മ്മാണത്തിലും പരിപാലനത്തിലും നിസ്തുലമായ പങ്കാണ് അദ്ധേഹം വഹിച്ചത്. തികഞ്ഞ മനുഷ്യ സ്നേഹിയും പൗര പ്രമുഖനും നാട്ടിലും വിദേശത്തും ഒരു വ്യാഴവട്ടക്കാലം കച്ചവടക്കാരനുമായിരുന്നു ഹാജി കുഞ്ഞാന്‍ പാപ്പയുടെ മൂത്ത പുത്രന്‍റെ പൗത്രനായിരുന്നു.

കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍

അക്കാലത്ത് പുരോഗമനപരമായും കലാപരമായും ചിന്തിച്ചിരുന്ന മികച്ച ഒരധ്യാപകനായിരുന്നു കുഞ്ഞാലന്‍ മാസ്റ്റര്‍. കുഞ്ഞാന്‍ പാപ്പയുടെ പിതൃ സഹോദര പുത്രന്‍ മാട്ടില്‍ കുഞ്ഞഹമ്മദ് അവര്‍കളുടെ പൗത്രന്‍ കുഞ്ഞലവി എന്നവരുടെ മകനായിരുന്നു.

ഉമ്മിണിക്കടവത്ത് കുഞ്ഞാന്‍ സാഹിബ്

‌ പിതാവ് വഴി ഉമ്മിണിക്കടവത്തു കാരനായ കുഞ്ഞാന്‍ സാഹിബ്‌, കുഞ്ഞാന്‍ പാപ്പയുടെ മകള്‍ കദിയക്കുട്ടിയുടെ മകനാണ്. കൈപറ്റയില്‍ നിന്ന് താമസം ഇരിങ്ങല്ലുരിലേക്ക് മാറിയ കുഞ്ഞാന്‍ സാഹിബ്‌ അമ്പലമാട്, കോട്ടപ്പറമ്പ് പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഘലകളില്‍ സജീവമായി ഇടപെട്ടിരുന്ന ഒരു വ്യാവഹാരി കൂടിയായിരുന്നു.

പൂവാടന്‍ മൊയ്തീന്‍ മുസ്ലിയാര്‍

പൊന്മളയിലെ പ്രശസ്തമായ പൂവാടന്‍ കുടുംബത്തില്‍ നിന്നാണെങ്കിലും മൂചിക്കടവന്‍ പൈക്കാട്ട് കുടുമ്പത്തിന്‍റെ പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന മുസ്ലിയാര്‍ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും സ്വാതികനുമായിരുന്നു. അവസാന കാലത്ത് പാണക്കാട് താമസമാക്കിയിരുന്ന അദ്ധേഹം കുഞ്ഞാന്‍ സാഹിബിന്‍റെ മകന്‍ മൊയ്തീന്‍ അവര്‍കളുടെ മകളുടെ മകനായിരുന്നു.

കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ അല്‍-നഖ്ശബന്ദി കൈപറ്റ

ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് കൈപറ്റയില്‍ ജീവിച്ചിരുന്ന, മൂചിക്കടവന്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍ എന്ന “കുഞ്ഞാന്‍ മോല്യാരുപ്പാപ്പ” മൂച്ചിക്കടവന്‍ പൈക്കാട്ട് കുടുംബ സ്ഥാപകന്‍ കുഞ്ഞാന്‍ പാപ്പയുടെ അടുത്ത ബന്ധുവായിരുന്നു. തികഞ്ഞ ആത്മീയ ജീവിതം പുലര്‍ത്തിയ അദ്ദേഹം അക്കാലത്തെ അറിയപ്പെട്ട സൂഫിവര്യനുമായിരുന്നു. പില്‍ക്കാലത്ത് പരപ്പനങ്ങാടിയില്‍ താമസമാക്കിയ അദ്ദേഹം 1912ല്‍* മരണപ്പെട്ടതും ഖബറടക്കപ്പെട്ടതും പരപ്പനങ്ങടിയില്‍ തന്നെയായിരുന്നു.