ഹസ്സൻഹാജി തേക്കിൻകാട്ടിൽ

അബ്ദുൽറസ്സാഖ് തേക്കിൻകാട്ടിൽ

1916 ജൂലൈ മാസം 3 ന് മൂച്ചിക്കടവൻ പൈക്കാട്ട് അബ്ദുറഹിമാൻ കുട്ടി എന്നവരുടെ രണ്ടാമത്തെ മകനായി വടക്കെത്തൊടി വീട്ടിൽ ജനിച്ചു. AMLP സ്കൂളിൽ പ്രാഥമിക പഠനം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും കൂടെപ്പിറപ്പുകളായി ഉണ്ടായിരുന്നു. അക്കാലത്തെ സമ്പ്രദായമായ കൂട്ടുകുടുംബമായി, സഹോദരങ്ങള്‍ക്കും കുടുമ്പത്തിനും ഒപ്പം വടക്കേ തൊടുവിൽ ജീവിച്ച് പോന്നു.

1967 ൽ മൂത്താപ്പയുമൊന്നിച്ച് ഹജ്ജിന് പോയി, അവിടെ "മുസ്ഫല" എന്ന സ്ഥലത്ത് മക്കാ ഹോട്ടലിനു സമീപമായിരുന്നു അവർ താമസിച്ചിരുന്നത്(ഈ സ്ഥലം ഇപ്പോൾ ഹറമിൻ്റെ പരിധിക്കുള്ളിലാണ്). ഇവിടെ വെച്ച് പാതി മലയാളിയായ (ഉമ്മ മേലാറ്റൂർ സ്വദേശിനിയും പിതാവ് സൗദിയും) മുഹിയുദ്ദീന്‍ മക്കി എന്ന ഒരറബി പൗരനെ പരിജയപ്പെടുകയും ആ സൗഹൃദം വെച്ച് ഇദ്ധേഹം പല പ്രാവശ്യം ഇവിടെ വീട്ടിൽ വരികയും താമസിക്കുകയും ചെയ്തിരുന്നു. അക്കാലത്തേ ഒരു മുത്തവ്വഫ് ആയിരുന്ന സയ്യിദ് ജമീൽ ബഷീർ അഹ്മദ് എന്നയാളുടെ ഏജൻറായിരുന്നു ഈ പറയപ്പെട്ട മുഹിയുദ്ദീന്‍ മക്കി, മുത്തവ്വഫിൻ്റെ ഏജൻറുമാരുടെ സേവനം ഇന്ത്യയിൽ നിര്‍ത്തലാകക്കുകയും, അതോടെ ഇയാൾ വരാതാകുകയും ചെയ്തെങ്കിലും ഇയാൾ മരിക്കുന്നത് വരെ പരസ്പരം എഴുത്ത് കുത്തുകള്‍ നടത്തിപ്പോരുകയും ചെയ്തിരുന്നു.

ഹജ്ജിന് പോയി വന്ന പിറ്റേ വർഷം 1968ൽ ഞങ്ങൾ തേക്കിൻകാട്ടിലേക്ക് താമസം മാറി, എനിക്കന്ന് എഴുവയസ്സ് പ്രായമുണ്ടാകും. ഇവിടെ നിന്നാണ് ഞാൻ മദ്രസ്സയിലും സ്കൂളിലും പോകാൻ തുടങ്ങിയത്. ഉപ്പാന്‍റെ ഏക സഹോദരി ആച്ചുമ്മ എന്ന് പേരുള്ള മാളു എന്ന് വിളിച്ച് പോന്നിരുന്നയാളെ വിവാഹം ചെയ്തത് അവരുടെ അമ്മായിയുടെ മകൻ ഉമ്മിണിക്കടവത്ത് കുഞ്ഞാൻ എന്ന വടക്കീലെ കുഞ്ഞാൻകാക്കയായിരുന്നു. ഗർഭിണിയായിരിക്കെ മരണപ്പെടുകയും മഠത്തില്‍ പള്ളി ഖബര്‍സ്ഥാനിൽ മറവു് ചെയ്യുകയും ചെയ്തു. ഉപ്പ ചെറുപ്പം മുതലേ പിതാവിന്‍റെ ശിക്ഷണത്തിൽ മത ഭൗതിക കാര്യങ്ങളിൽ കൃത്യത പുലർത്തിയിരുന്നു, നല്ല അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു.

യൗവ്വനകാലത്ത് അടക്ക, തേങ്ങ, കൊപ്ര മുതലായവ നല്ല നിലയിൽ കച്ചവടം ചെയ്തു പോന്നിരുന്നു. സഹായിയായി എടക്കണ്ടൻ അലവികാക്കയും കൂടെയുണ്ടായിരുന്നു. അക്കാലത്തോരു ഇടിമിന്നലോട് കൂടിയ തോരാത്ത, തുലാവര്‍ഷ പെയ്ത്തില്‍, അടക്കയും കൊപ്രയും കടലുണ്ടിപ്പുഴ എടുത്തോണ്ട് പോയി!!(ഇടിമിന്നല്‍ ഉപ്പാക്ക് ഭയങ്കര പേടിയായിരുന്നു), അതോടെ ആ കച്ചവടം അവസാനിപ്പിക്കുകയും ചെയ്തു. പീന്നീട് കുറച്ച് കാലം പാലാണിയിൽ റേഷൻ കട നടത്തിയിരുന്നു. പിതാവിൻ്റെ കച്ചവടത്തിൽ(വേങ്ങര) സഹായിയായും നിന്നിരുന്നു. പിതാവിൻ്റെ മരണശേഷം ചുങ്കത്തറ കശുവണ്ടി തോട്ടം വാങ്ങുകയും നെല്ലു കുത്ത് മില്ല് തുടങ്ങുകയും ചെയ്തു.

വീട്ടുകാര്യങ്ങൾ നോക്കി നടത്തി എളാപ്പയും (കുഞ്ഞി മായിൻഹാജി) ബിസിനസ്സ് കാര്യങ്ങൾ ഉപ്പയും മറ്റു കാര്യങ്ങൾ മൂത്താപ്പയുമാണ് (മുഹമ്മദ് കുട്ടി ഹാജി) നോക്കിക്കൊണ്ടിരുന്നത്, ആദ്യം മാറിത്താമസിച്ചത് ഞങ്ങളാണ് (തേക്കിൽ കാട്ടിലേക്ക്) അത് കഴിഞ്ഞ് രണ്ട് കൊല്ലത്തിന് ശേഷമാണ് എളാപ്പ ചേനത്ത് വീട് വെച്ച് താമസം മാറിയത്. മൂന്ന് പേരും മാറിത്താമസിച്ചു എങ്കിലും എല്ലാ ദിവസവും മുടങ്ങാതെ വടക്കേ തൊടുവിൽ ഒത്തുകൂടും, ഉപ്പ അധികവും ചുങ്കത്തറയാകും ഉണ്ടാവുക, അവിടെ നെല്ല് കത്തുന്ന മില്ലും മറ്റ് കൃഷികളും കശുവണ്ടി തോട്ടവും സ്വന്തമായി ഉണ്ടായിരുന്നു. ചുങ്കത്തറയിൽ ഏറെക്കാലം നാട്ടില്‍ നിന്ന് തെങ്ങിൻ തൈകള്‍ കൊണ്ട് പോയി വിറ്റിരുന്നു, അത് കൊണ്ട് തന്നെ വലിയ ഒരു സൗഹൃദവലയം ഉപ്പാക്ക് അവിടെ ഉണ്ടായിരുന്നു.

കേരളത്തിലേ (ഒരു പക്ഷെ ലോകത്തിലെ തന്നെ!) ആദ്യത്തേ അമുസ്ലിം പള്ളിക്കമ്മറ്റി പ്രസിഡണ്ട് കരുമാമ്പൊയിൽ അപ്പു മുതലാളി ആയിരുന്നു അക്കാലത്ത് ഉപ്പ ഖജാന്‍ജി ആയിരുന്ന ചുങ്കത്തറ ജുമുഅത്ത് പള്ളിയുടെ പ്രസിഡണ്ട്! അദ്ദേഹത്തെ കൂടാതെ, ചെങ്ങരായി മുഹമ്മദലി (സുഹൈർ ചുങ്കത്തറയുടെ പിതാവ്) പരിശുദ്ധ ഹജ്ജിന് കാൽനടയായി പോയി വന്ന മാമ്പള്ളി കുട്ടിഹസ്സനാജി, ഉപ്പാൻ്റെ ഭാര്യാ സഹോദരിയുടെ മകളുടെ കുടുബം (എൻ്റെ മൂത്തമ്മാൻ്റെ മകൾ) കറുത്തേടത്ത് സുലൈമാൻ, മാർത്തോമാ പള്ളിയിലേ വികാരി ഫാ:തോമസ് കിഴക്കേപറമ്പൻ കുഞ്ഞിമുഹമ്മദ് എന്ന KP മാസ്റ്റർ, മാമ്പള്ളി മുഹമ്മദ്, പറമ്പാട്ട് ബാപ്പുഞ്ഞി ഹാജി, ഇച്ചാപ്പു ഹാജി, മുതലായവരൊക്കെ ആ നാട്ടിലേ അടുത്ത സുഹുർത്തുക്കളായിരുന്നു.

ചുങ്കത്തറയിലുണ്ടായിരുന്ന സ്ഥലമാണ് പിന്നീട് മാർത്തോമാ കോളേജിന് വിറ്റ്, ഊരകം കുറ്റിപ്പുറം കുന്ന് വാങ്ങിയത്. ഇടക്കാലത്ത് സഹോദരൻ കുഞ്ഞി മായിൻ ഹാജിക്കൊപ്പം വീണ്ടും (1973 ൽ ആണെന്നാണ് എൻ്റെ ഓർമ്മ) ഹജ്ജിന് പോകുകയും ചെയ്തിരുന്നു. ഉപ്പ നല്ല ഒരു കർഷകനും മീൻപിടുത്തക്കാരനുമായിരുന്നു ഊരകത്തെ സ്ഥലത്ത് തെങ്ങിന് ഇടവിളയായി കപ്പ, ഇഞ്ചി, നെല്ല്, എള്ള്, മുതലായവയൊക്കെ കൃഷി ചെയ്തു പോന്നിരുന്നു.

ഉപ്പ പണം കൈകാര്യം ചെയ്യുന്നതിൽ സൂഷ്മത പാലിച്ചിരുന്നു, മദ്രസ്സയുടെയും പള്ളിയുടെയും ഭാരവാഹിയും ആയിരുന്നു മഠത്തിൽ പള്ളി മുത്തവല്ലിയായിരിക്കേയാണ് മരണം സംഭവിച്ചത്. ഭക്ഷണത്തിലും മരുന്ന് കഴിക്കുന്നതിലും എല്ലാം കൃത്യത പാലിച്ചിരുന്നു ഉപ്പാക്കുള്ള ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് ഉമ്മാക്ക് വേണ്ടി മാറ്റി വെക്കു മായിരുന്നു (കുടിക്കാൻ കൊടുക്കുന്ന കഞ്ഞി വെള്ളം പോലും) ഉമ്മ മരിക്കുവോളം ഇത് പതിവാക്കിയിരുന്നു, എന്നും ഉപ്പാൻ്റെ ഭക്ഷണശേഷം മാത്രമേ ഉമ്മ ഭക്ഷണം കഴിക്കുമായിരുന്നൊള്ളു.

35 വയസ്സിൽ തുടങ്ങിയ പ്രമേഹ രോഗം 78 വയസ്സായപ്പോഴേക്കും വിട്ടുമാറി ഇത് ഡോക്ടർമാർക്ക് വലിയ അത്ഭുതവും ആശ്ചര്യവും ഉണ്ടാക്കി, സ്ഥിരം ചികിത്സിച്ച് പോന്നിരുന്ന ഗാന്ധി ദാസ്, ഐദ്രസ്സ്, ബഷീർ റാവുത്തർ എന്നിവരൊഴികേ മറ്റാരും പ്രമേഹം സുഖപ്പെട്ടു എന്ന് പറഞ്ഞത് വിശ്വസിച്ചിരുന്നില്ല. ഒത്ത ശരീരവും മിതഭക്ഷണവും ആഴ്ചയിലേ തൈലം തേച്ചുള്ള കുളിയും കൃത്യമായ മരുന്ന് കഴിച്ചിരുന്നത് കൊണ്ടും ഒക്കെയാകാം കാര്യമായ ആരോഗ്യ കുറവില്ലാതെ ഇംഗ്ലീഷ് കലണ്ടർ പ്രകാരം 93 വയസ്സ് വരേ ജീവിച്ചു മക്കളായി 8 പേർ ഉണ്ടായിരുന്നെങ്കിലും മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ചെറുപ്പത്തിൽ തന്നേ മരണപ്പെട്ടു പോയിരുന്നു.

അങ്ങനെയിരിക്കേ 2009 ഏപ്രിൽ 16ന് ഒരു ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ദിവസം ഉപ്പ മരണപ്പെട്ടു. ഉപ്പാൻ്റെ പ്രത്യേകമായ ഒസ്യത്ത് പ്രകാരം കോട്ടപ്പമ്പ് പള്ളി ഖബറുസ്ഥാനിൽ മറവ് ചെയ്തു എളാപ്പ കുഞ്ഞിമായിൻ ഹാജിയുടേയും അദ്ധേഹത്തിൻ്റെ ഭാര്യ (എളാമ്മ) യുടെയും ഖബറുകൾ ഉപ്പാൻ്റെ ഖബറിനടുത്താണ് ഉള്ളത് പടച്ചവൻ ബർസഖീ ജീവിതം റാഹത്താക്കി കൊടുക്കട്ടേ, ആമീൻ.