മുഹമ്മദ് നിസാമുദ്ദീന്‍
ചുണ്ടിലെ ബീഡിക്കുറ്റി ആഞ്ഞു വലിച്ചാലും, തീ തുണച്ചില്ലെങ്കില്‍, തുണച്ചില്ലെങ്കില്‍ മാത്രം.... നീട്ടിയൊരു വിളിയുണ്ട്, പറമ്പിന്‍റെ ഏതേലും മൂലയില്‍ നിന്ന്!
എരിഞ്ഞു തീരാന്‍ വെമ്പി ഒരു ചവറു കൂനയുമുണ്ടാകും മുന്നില്‍, തലേന്ന് കിണഞ്ഞു ശ്രമിച്ചിട്ടും എരിഞ്ഞു തീരാത്തതിന്‍റെ ദൈന്യതയും കരുവാളിപ്പും വ്യക്തമാണതിന്‍റെ മുഖത്ത്, അതൊരിക്കലും മറച്ചു വെക്കാന്‍ ശ്രമിക്കാറുമില്ലയാ ചവറു കൂന!
അന്നേ പിന്നെ ഈ, ഏകാന്തതയുടെ ‘അസ്കിത’യുള്ള ഞാന്‍ കേട്ടില്ലെങ്കിലും, കത്തി തീരാത്ത ചവറു കൂനയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടെന്നവണ്ണം, മേലാസകലം കരി പുരണ്ട, ഉമ്മയും വല്യുമ്മയും അടുക്കളയില്‍ പക്ഷെ ആ വിളി കേള്‍ക്കും
. ദിവാസ്വപ്നത്തിലിരിക്കുന്ന എന്നെ തട്ടിയുണര്‍ത്തി, അടുപ്പിലെരിയുന്ന ഒരു വിറകു കൊള്ളിയെടുത്ത് കയ്യില്‍ തരും ഉമ്മ!!
എരിയുന്ന വിറകു കൊള്ളിയുമായി ഒറ്റയോട്ടമാണ് ഉമ്മ ചൂണ്ടിയ ദിക്കിലേക്ക്!! അടുത്ത വിളിക്ക് മുന്നെ ലക്ഷ്യത്തില്‍ എത്തിയില്ലെങ്കില്‍, പിന്നെ അന്നത്തെ കാര്യം സ്വാഹ!!
എരിയുന്ന കൊള്ളിയില്‍ നിന്നാദ്യം, കെട്ടു പോയ ബീഡിക്ക് ജീവന്‍ നല്‍കും, ആഞ്ഞൊരു പുകയെടുത്ത് അലസമായൂതും, എരിയുന്ന കൊള്ളി പിന്നെ, കരച്ചിലിന്‍റെ വക്കോളമെത്തിയ ചവറു കൂനയുടെ ശരീരത്തിനുള്ളിലേക്ക് നിഷ്ക്കരുണം നിക്ഷേപിക്കും!!
അതോടെ അതു വരെ വെറുതെ പുകയുകയായിരുന്ന ചവറു കൂന ആരോടെന്നില്ലാത്ത ദേഷ്യത്തില്‍ ആളിയാളി കത്തും!!
ഉയര്‍ന്നു പൊങ്ങുന്ന തീ നാമ്പുകള്‍ അന്നെന്‍റെയുള്ളില്‍ ചെറുതല്ലാത്ത ഭയം വിതച്ചിരുന്നു!
എന്നെ ഞാനാക്കിയതില്‍ ആ തീ നാമ്പുകള്‍ക്കുള്ള പങ്ക് നിഷേധിക്കാവതല്ല!!!
പ്രവാസമാവസാനിപ്പിച്ചു സ്വമേധയാ വിരമിക്കലും വാങ്ങിയിരിക്കുമ്പോ എങ്ങനെ കൂട്ടി മുട്ടിക്കാനാണ് രണ്ടറ്റം!
അന്ന് സ്കൂളിലും കോളേജിലും പോകാന്‍ രണ്ടും അഞ്ചും രൂപയൊക്കെ പലപ്പോഴും കടം വാങ്ങിയാണ് തന്നതെനിക്ക്!
ഞാന്‍ ചോദിക്കാറില്ലെങ്കിലും, എന്‍റെ പലയാവവശ്യങ്ങളും നിവര്‍ത്തിച്ചു തരാന്‍ കഴിയാത്ത നിസ്സഹായതയില്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് പല വട്ടം!
നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാവാതെ സ്വയം ജീവിക്കാന്‍ മറന്നു പോയ മനുഷ്യന്‍!!
നിലപാടുകളുടെ പേരില്‍ എന്നോടടക്കം വര്‍ഷങ്ങളോളം കലഹിച്ചപ്പോഴും, തന്‍റെ ചുറ്റിലുമുള്ള മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ലശേഷം, ഊഴം വരുമ്പോള്‍ കൂടപ്പിറപ്പുകളോട് അനീതിയേതും വന്നുപോകരുതെന്ന് പലവുരു പണ്ട് പറഞ്ഞപ്പോള്‍, ഇതെന്തരോ വിഭോ എന്നാശ്ചര്യപ്പെട്ടിരുന്നു ഞാനന്ന്!!
ഇന്നീ അര്‍ദ്ധശതകം കഴിഞ്ഞിരിക്കുമ്പോള്‍, ചുറ്റിലുമുള്ള മനുഷ്യരെ കാണുമ്പോള്‍ ആശ്ചര്യമശേഷമില്ലെനിക്കപ്പറഞ്ഞതില്‍!!
ആര്‍ജ്ജിക്കുന്ന അറിവിന്നൊപ്പം മാറാത്ത നിലപാടുകളില്ലായിരുന്നെങ്കിലും, കണ്ണുകളെ മൂടിയ കാര്‍ക്കശ്യം, പക്ഷേ പലപ്പോഴും ഉറ്റവരുടെ ഉള്ളു വായിക്കാനനുവദിച്ചില്ല ഉപ്പയെ!!
അതുകൊണ്ടായിരിക്കണമല്ലോ ഒരു ജന്മം മുഴുവന്‍ അക്കാലത്തെ പരശ്ശതം സ്ത്രീകളെപ്പോലെ എന്‍റുമ്മയും കരഞ്ഞത്!
കരഞ്ഞുകൊണ്ട് പക്ഷെ, അവരെന്നെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞത്, മനുഷ്യരെ ഉപാധികളില്ലാതെ സ്നേഹിക്കാനാണ്!!!
എന്നെ ഞാനാക്കിയ, എന്നിലെന്തെങ്കിലും നന്മയവശേഷിക്കുന്നെങ്കില്‍, അതിനു കാരണമായ എന്‍റുമ്മയെന്നയാ അസാധാരണ സ്ത്രീയെ ഞാനെന്ത് വിശേഷിപ്പിക്കും വിഭോ!
പീഡിതരോടും ചൂഷിതരോടും മൗനം കൊണ്ടെങ്കിലും ഐക്യപ്പെടാത്ത രാഷ്ട്രീയം അശേഷം മാനവികമല്ലെന്ന എന്‍റെ എന്നത്തെയും നിലപാട് ഉരുവം കൊണ്ടതങ്ങിനെയൊക്കെയാവാം.
സ്വാർത്ഥത മൂലം കണ്ണും മനസ്സും മൂടിയ അഭിനവ മാനവര്‍ വാഴുന്നിക്കാലത്ത്, ഇത്തരം മനുഷ്യരെ വെറുതെ ഓര്‍ത്തെങ്കിലുമിരിക്കാം നമുക്ക്. ഉപ്പാനെക്കുറിച്ചു കൂടുതലെഴുതാന്‍ ഈയിടം പര്യാപ്തമല്ല, അങ്ങനെയൊന്ന് എഴുതണമെന്നു കുറെയായുള്ള മോഹമാണ്, മടി വിലക്കിയില്ലെങ്കില്‍ പിന്നീട് ഒരവസരത്തിലാവാം.