ചേനത്തെ വീട്

റഷീദ്. ഇ എം

കോട്ടപ്പറമ്പിലെ, പള്ളിയിൽനിന്ന്.. സുബഹി ബാങ്ക് കേട്ടാൽ വല്ലിപ്പ ഉണരും.. മുഹമ്മദ് മുസ്ലിയാരുടെ ബാങ്ക് ആയിരുന്നു, വല്ലിപ്പാക്ക് അലാറം...

പിന്നെ പള്ളിയിലേക്ക് പോകാനുള്ള.. ഒരുക്കമായി...

വല്ലിപ്പയുടെ വടി, കോണിപ്പടികളിൽ തട്ടുന്ന.. ശബ്ദം കേട്ടിട്ടാണോ...! എന്നറിയില്ല, വല്ലിമ്മയും ഉണരും.

സുബഹി നിസ്കാരവും.. ഓത്തും കഴിഞ്ഞ്, നിസ്കാരപ്പായ മടക്കിയാൽ... അടുക്കള ഉണരും. ചായ ചെമ്പും.. പത്തിരി ചട്ടിയും.. ഉറക്കച്ചവടോടെ വല്ലിമ്മയോടൊപ്പം കൂടും.

ഉമ്മറത്തെ കുറിഞ്ഞി പൂച്ച... ഒളികണ്ണിട്ട് വല്ലിമ്മയെ നോക്കും. പിന്നെ, കോഴികൾ ഉണരും, വല്ലിമ്മയോടൊപ്പം, വീട് ഒന്നായുണരും.. പ്രഭാതം വെള്ള കീറിയാൽ, വല്ലിപ്പ തൊടിയിലാകെ നടക്കും.. ചക്ക.. മാങ്ങ.. തേങ്ങ… സീസണുകൾ വല്ലിപ്പാക്ക്, സന്തോഷങ്ങളുടേതാണ്. എല്ലാം സമൃദ്ധമായിരുന്നു അന്ന്. മേലെ കണ്ടത്ത്, മാമ്പഴം വീഴുന്നത് വരാന്തയിലെ കസേരയിൽ ഇരുന്നാൽ പോലും അറിയും. ഞങ്ങൾ പേരക്കുട്ടികളോട് അതെടുത്തു വരാൻ പറയും.

പറങ്കിമാവ് പൂത്താൽ.. അതിനെ കൃത്യമായി വിലയിരുത്തും.. എല്ലാം മാവിൻ ചുവട്ടിലും നടക്കും..

തെങ്ങുകളെ തൊട്ട് തലോടും.. അതിനോടെല്ലാം ഒരു പ്രത്യേക ആത്മബന്ധമായിരുന്നു.

വല്ലിപ്പയെ കാണാതിരുന്നിട്ടാവാം, പിന്നീട് മാവുകൾ പൂക്കാതിരുന്നത്. തെങ്ങുകൾ കായ്ക്കാൻ മറന്നത്.

വല്ലിപ്പ എന്നെന്നേക്കുമായി യാത്രയായത്, അറിഞ്ഞിട്ടാവണം,

പിന്നീട് തൊടിയിലെ ഫലവൃക്ഷങ്ങൾ, പലതും പാഴ് മരങ്ങളായത്.

ഇന്നേക്ക് പതിമുന്ന് വർഷം... വല്ലിപ്പാ... നിങ്ങളെ ഓർക്കാത്ത, ദിവസങ്ങളില്ല.