എന്‍റെ വല്യുപ്പ

മുഹമ്മദ് സലീം തേക്കിൻകാട്ടിൽ

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരിക്കണം, മദ്രസ്സ വിട്ടു വന്ന് ഉമ്മറത്തേക്ക് കയറുമ്പോൾ കിഴക്കേ കോലായിൽ വല്യുപ്പ തൈലം തേച്ച് കൊണ്ടിരിക്കുന്നു (ആഴ്ചയിൽ വിശാലമായ ഒരുതേച്ചു കുളി അദ്ധേഹത്തിന് പതിവായിരുന്നു). ചായ കുടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മേശപ്പുറത്ത് ഒരു അഞ്ചു രൂപ നാണയം ഇരിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു. നാണയം എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി! ചുറ്റുപാടും കണ്ണോടിച്ച്, ആരുo കാണുന്നില്ലെന്നുറപ്പ് വരുത്തി ഞാനത് മെല്ലെ കൈക്കലാക്കി. നേരെ വല്ല്യുപ്പാൻ്റെ അടുത്ത് ചെന്നിരുന്നു. താമസിയാതെ തൈലം തേച്ച് വല്യുപ്പ കുളിക്കാൻ പോയി. ഒട്ടും താമസിച്ചില്ല അടുക്കള ഭാഗത്തോട് ചേർന്ന കിഴക്കേമുറിയിൽ നിന്ന് വല്ല്യുമ്മാൻ്റെ ചോദ്യം,

"ആരാണ് ഈ പെട്ടിപ്പുറത്ത് വെച്ചിരുന്ന 5 രൂപ എടുത്തത്?"

“സെല്യേ ജ്ജ് കണ്ടീന”, ചോദ്യം എന്നോടായിരുന്നു,

"ഇല്ല"

"ജ്ജ് ഇപ്പൊ ഇതിലേ പോയില്ലേ"

“ആ പോയീനു”

"ന്നാ മര്യാദക്ക് പൈസ തന്നോ"

" ഞാൻ എടുത്തിട്ടില്ല"

വല്യുമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു, ഞാൻ എൻ്റെ മറുപടിയിൽ തന്നെ ഉറച്ചു നിന്നു. വല്ല്യുമ്മയും സഹായത്തിന് പുത്തൻ വീട്ടിലേ പാത്തുതാത്തയും പൈസ തിരയാൻ തുടങ്ങി, ഈ ബഹളം ഇവിടെ നടന്നുകൊണ്ടിരിക്കെ, കുളിക്കാൻ പോയ വല്യുപ്പ കുളി കഴിഞ്ഞ് മടങ്ങി വന്നു. ഇതെല്ലാം കേട്ട് നിന്നിരുന്ന വല്യുപ്പ എന്നേ സൂക്ഷിച്ചു നോക്കി, ശേഷം എൻ്റെ ദയനീയാവസ്ഥ കണ്ട്, എൻ്റെ തലയിൽ കൈ കൊണ്ട് മെല്ലെ തലോടി, ശേഷം എന്നെ ചേർത്തു നിർത്തി എൻ്റെ കാതിൽ പറഞ്ഞു

"ആ പൈസ എൻ്റ കയ്യിൽ തന്നാളാ"

ഗത്യന്തരമില്ലാതെ ഞാൻ വല്യുപ്പാൻ്റെ കയ്യിൽ, നിധിയായ് കിട്ടിതെന്നു ഞാന്‍ കരുതിയ 5 രൂപ നാണയം കൊടുത്തു. എനിക്ക് സങ്കടവും സങ്കോചവും ജാള്യതയും കരച്ചിലും ഒപ്പം വന്നു. വല്യുപ്പ എന്നെ ആശ്വസിപ്പിച്ചു,

“സാരമില്ല ഞാൻ ഇപ്പൊ ശര്യാക്കിത്തരാം”

എന്ന് പറഞ്ഞ് ഞാൻ നോക്കി നിൽക്കേ ആ പൈസ അകത്തേ മുറിയുടെ മൂലയിലേക്കെറിഞ്ഞു. എന്നിട്ടുറക്കേ പറഞ്ഞു,

“ഇവിടെ ഇതാ അഞ്ച് രൂപ കിടക്കുന്നു ഇതല്ലേ നിങ്ങൾ തിരഞ്ഞുകൊണ്ടിരുന്നത്?”

“അതെ ഈ പൈസ അത് തന്നെ”

ബഹളം അടങ്ങി എല്ലാവരും പോയി വല്യുപ്പ എന്നെ അരികിലേക്കു ചേർത്തു പിടിച്ചു ഉപദേശിച്ചു. അവനവൻ്റേതല്ലാത്തതൊന്നും സമ്മതത്തോടെയല്ലാതെ എടുക്കുകയോ ഉപയോഗിക്കുകയോ അരുത് ആ ഉപദേശം ഞാൻ ഇന്നും എൻ്റെ ജീവിതത്തിൽ പാലിച്ചു പോന്നിട്ടുണ്ട് കുട്ടിയാണെങ്കിലും എൻ്റെ മാനം സംരക്ഷിച്ച എൻ്റെ വല്യുപ്പാക്കും വല്ല്യുമ്മാക്കും ഒപ്പം പടച്ചവൻ നമ്മളെ ഓരോരുത്തരേയും അവൻ്റെ സുഖലോക സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടേ ആമീൻ.