മാസിന്‍ ദര്‍വീശ് നിസാമി
കാരാട്ട് തൊടിയില്‍ കമ്മു മാസ്റ്ററുടെ (1931-2019) ചരിത്രം പറയുമ്പോള്‍ അത് മൂച്ചിക്കടവന്‍ പൈക്കാട്ട് കുടുംബത്തിന്‍റെ ചരിത്രമെന്നതിലുപരി അമ്പലമാടിന്‍റെ, ഇരിങ്ങല്ലുരിന്‍റെ, പറപ്പൂര്‍ പഞ്ചായത്തിന്‍റെ എന്നല്ല, മൂന്നിയൂര്‍ പഞ്ചായത്തിലെ മുള്ളന്‍കുഴി എന്ന കൊച്ചു ഗ്രാമത്തിന്‍റെ കൂടി ചരിത്രമായിരിക്കും. എന്തിന്, സൗദി അറേബ്യയിലെ അല്‍-ഖസ്സീം എന്ന ചെറു നഗരവും പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല മാഷിനെ കുറിച്ചു പറയുമ്പോള്‍.
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്നില്‍ മൂചിക്കടവന്‍ പൈക്കാട്ട് കുഞ്ഞാന്‍ കുട്ടി എന്ന കുഞ്ഞിമായിന്‍ - മൂന്നിയൂര്‍ കളിയാട്ട മുക്കിലെ പടിഞ്ഞാറെപീടിയേക്കല്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ പാത്തുമ്മ കുട്ടി ദമ്പതികളുടെ മകനായി ജനിച്ച മാസ്റ്റര്‍ക്ക്, തന്‍റെ മൂന്നാം വയസ്സില്‍ പിതാവിനെയും പന്ത്രണ്ടാം വയസ്സില്‍ പിതാമഹനെയും നഷ്ടപ്പെട്ടു. മൂന്നാം വയസ്സില്‍ പിതാവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഏക സഹോദരിക്ക് പ്രായം ഒരു വയസ്സിനു താഴെ മാത്രം. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വെള്ളക്കാരില്‍ നിന്ന് എസ്റ്റേറ്റ് പാട്ടത്തിനു എടുത്തു നടത്തുകയായിരുന്നു പിതാവ് കുഞ്ഞാന്‍ കുട്ടി. നാട്ടില്‍ നിന്നും ധാരാളം ആളുകളെ എസ്റ്റേറ്റിലെ ജോലിക്കായി കുഞ്ഞാന്‍ കുട്ടി സാഹിബ് കൂടെ കൂട്ടിയിരുന്നു, അത് കൊണ്ട് തന്നെ നാട്ടില്‍ പോയിരുന്നത് വല്ലപ്പോഴുമായിരുന്നെങ്കിലും അദ്ദേഹത്തിനു വലിയ പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. കാലം ആയിരത്തി തൊള്ളായിരത്തി മുപ്പതുകളാണ്, പറയത്തക്ക ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലം, അതും നാടുകാണി ചുരമിറങ്ങി വേണം നാട്ടിലെത്താന്‍. അക്കാലത്ത് പടര്‍ന്നു പിടിച്ച ഏതോ വൈറല്‍ പനി കുഞ്ഞാന്‍ കുട്ടി സാഹിബിനെയും കീഴടക്കി. ഭൗതിക ശരീരം നാട്ടിലെത്തിക്കുക ക്ഷിപ്രസാധ്യമായിരുന്നില്ല, കൂടാതെ വൃദ്ധനായ പിതാവും രണ്ടര വയസ്സുള്ള മകനുമല്ലാതെ അദ്ദേഹത്തിനു മറ്റാരും അത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉണ്ടായിരുന്നില്ല നാട്ടില്‍. കുടുംബത്തിലും അത്ര ദൂരം ചെന്ന് മൃതദേഹം കൊണ്ട് വരാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.
പിതാമഹന്‍ (അദ്ദേഹത്തിന്‍റെ പേരും കമ്മു എന്ന് തന്നെ ആയിരുന്നു) ജീവിച്ചിരുന്നത് കൊണ്ട്, കൊച്ചു കമ്മുവും സഹോദരിയും മാതാവും സുരക്ഷിതരായിരുന്നു, പിതാമഹന്‍ സാമ്പത്തികമായി ഭേദപ്പെട്ട നിലയിലായിരുന്നതിനാല്‍ കുടുംബം അല്ലലില്ലാതെ ജീവിച്ചു പോന്നു. പക്ഷെ ആ അല്ലലില്ലായ്മ അധിക കാലം നീണ്ടു നിന്നില്ല, ആയിരത്തി തൊള്ളായിരത്തി നാല്പത്തിമൂന്നില്‍, മാഷിന്‍റെ പന്ത്രണ്ടാം വയസ്സില്‍ പിതാമഹനും യാത്രയായി. ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും പതിനൊന്ന് വയസ്സുള്ള സഹോദരിയും, ഇരുപതുകളില്‍ തന്നെ വിധവയായ മാതാവും ആയി ഇരിങ്ങല്ലൂരിലെ വീട്ടില്‍ താമസിക്കുന്ന കാര്യം അക്കാലത്ത് അചിന്ത്യമായിരുന്നു. മൂന്നിയൂര്‍ കളിയാട്ട മുക്കില്‍ സഹോദരങ്ങളും മക്കളും ഉണ്ടായിരുന്നെങ്കിലും ആസ്തി വകകളൊന്നും അവിടെ മാതാവിനുണ്ടായിരുന്നില്ല. പക്ഷെ മാതാമഹിയുടെ നാട്ടില്‍, മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മുള്ളന്‍കുഴിയില്‍ ഉണ്ടായിരുന്ന, ചെരുകരയെന്ന വീടും പറമ്പും അവരെ തുണച്ചു. ആ പൈതൃക സ്വത്ത് വില്‍ക്കാതെ സൂക്ഷിച്ചത് അവര്‍ക്കനുഗ്രഹമായി. അങ്ങിനെയാണ് മാഷും കുടുംബവും മൂന്നിയൂരിലെ ചെരുകരയിലേക്ക് ആയിരത്തി തൊള്ളായിരത്തി നാല്പത്തിമൂന്നില്‍ തന്നെ താമസം മാറുന്നത്. കാരാട്ട് തൊടിയിലെ ജീവിതത്തോളം എളുപ്പമായിരുന്നില്ല ചെരുകരയിലെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരമുണ്ടായിരുന്നത് കൊണ്ട് പിന്നീടുള്ള പതിനഞ്ചു വര്‍ഷത്തോളം അവര്‍ താമസിച്ചത് ചെരുകരയിലായിരുന്നു മാഷും കുടുംബവും ഒഴിഞ്ഞ കാരാട്ട് തൊടി വീട്ടില്‍, അവരുടെ അഭാവത്തില്‍ ബന്ധുവായ കുഞ്ഞാലന്‍ മാസ്റ്ററും കുടുംബവുമടക്കം നാലോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു.
മാസ്റ്റര്‍ പക്ഷെ തീഷ്ണ സാഹജര്യങ്ങളെ സധൈര്യം നേരിട്ടു, മുള്ളങ്കുഴി ഗ്രാമത്തില്‍ നിന്നും മലപ്പുറം നഗരത്തിലേക്ക് യാത്ര ചെയ്ത് ടീച്ചേഴ്സ് ട്രൈനിംഗ് പൂര്‍ത്തിയാക്കി, പാസ്സായി, ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി. സ്കൂളിലെ ജോലിയുമായി സ്വദേശത്തേക്ക് മടങ്ങി. അപ്പോഴേക്കും പക്ഷെ ആ നാട്ടുകാരില്‍ ഒരാളായി മാറിയിരുന്ന മാഷിന്‍റെ മരണം വരെ അവശേഷിച്ചിരുന്ന അന്നാട്ടിലെ അദ്ദേഹത്തിന്‍റെ ബന്ധുക്കളും സമകാലികരും സന്ദര്‍ശകരായുണ്ടായിരുന്നു.
പഠന കാലത്ത് തന്നെ അക്കാലത്തെ സമ്പ്രദായമനുസരിച്ച് ഏക സഹോദരിയുടെ വിവാഹം എന്ന ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടി വന്നു അദ്ദേഹത്തിന്. സ്വന്തം മാതൃ സഹോദരീ പുത്രന്‍ തന്നെയാണ് സഹോദരിയെ വിവാഹം കഴിച്ചത് എന്നിരിക്കിലും. എല്ലാ മനുഷ്യരെയും പോലെ നിലപാടുകള്‍ രൂപപ്പെടുന്ന കൗമാരം അദ്ദേഹം ചിലവഴിച്ച മൂന്നിയൂരിലെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ അദ്ദേഹത്തിന്‍റെ പില്‍ക്കാല നിലപാടുകളെയും സ്വാധീനിച്ചു. പരമ്പരാഗത കോണ്ഗ്രസ് കുടുംബമായിരുന്ന മൂചിക്കടവന്‍ പൈക്കാട്ട് കുടുംബത്തിലേക്ക് പക്ഷെ അദ്ദേഹം തിരിച്ചു വന്നത് മുസ്ലിം ലീഗിന്‍റെ സ്വത്വ രാഷ്ട്രീയവുമായിട്ടായിരുന്നു. ഇക്കാര്യം മാസ്റ്ററുടെ പില്‍ക്കാല ജീവിതത്തില്‍ ചെറുതല്ലാത്ത പ്രതിസന്ധികളാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം പൈതൃക സ്വത്ത് കയ്യാളാന്‍ വന്ന മാഷിന് പക്ഷെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വിവാഹവും കുടുംബവും പൊതു പ്രവര്‍ത്തനവും സര്‍വ്വോപാരി സമ്പത്തിന്‍റെ കാര്യത്തില്‍ കര്‍ക്കശക്കാരനായിരുന്ന ഒരു പിതൃ സഹോദരീ പുത്രനും അദ്ദേഹത്തിന്‍റെ ജീവിതം ദുസ്സഹമാക്കി. പല തവണ പിതൃ സഹോദരീ പുത്രനുമായി കയ്യാങ്കളിയോളം എത്തിയ പ്രതിസന്ധി, 1967 ലെ ഒരു സ്കൂള്‍ പ്രവര്‍ത്തി ദിനത്തില്‍, തന്‍റെ ഉമ്മ ഉപദ്രവിക്കപ്പെട്ടു എന്ന് അയല്‍വാസി വന്നറിയിച്ചതും മാസ്റ്റര്‍ സ്കൂളില്‍ നിന്നുമിറങ്ങി വീടിന്‍റെ പരിസരത്ത് മച്ചുനനുമായി മുഖാമുഖം കണ്ടു, ആയുധ ധാരിയായ മച്ചുനനും നിരായുധനായ മാഷും! ആഴത്തില്‍ കുത്തേറ്റ മാസ്റ്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാസങ്ങള്‍ നീണ്ട ചികിസക്ക് ശേഷം തിരിച്ചു വന്നത് ഒരു രണ്ടാം ജന്മത്തിലേക്കായിരുന്നു. ആ രക്തരൂക്ഷിത സംഭവത്തില്‍ തനിക്കു തുണയായി ഉണ്ടായിരുന്ന, അന്ന് കൈക്ക് സാരമായി കുത്തേറ്റ കോട്ടാട്ടില്‍ അയമു ഹാജിയെയും പാറക്കല്‍ അത്തു എന്ന മുഹമ്മദ് കാക്കയേയും പിന്നീട് പലപ്പോഴും വികാരാധീനനായിക്കൊണ്ട്ല്ലാതെ മാഷ് ഓര്‍ക്കാറില്ലായിരുന്നു (ഇവരില്‍ അയമു ഹാജി മാസ്റ്ററുടെ വകയില്‍ ജ്യേഷ്ഠ സഹോദരനും കൂടിയായിരുന്നു).
കുടുംബത്തില്‍ നിന്നും വേറിട്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കുക മാത്രമല്ല, മുസ്ലിം ലീഗില്‍ വാര്‍ഡ് തലം മുതല്‍ ജില്ലാ കമ്മറ്റി വരെ പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റര്‍ പ്രദേശത്ത് രാഷ്ട്രീയമായി മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇത് സ്വാഭാവികമായും കുടുംബത്തിലെ മിക്ക ആളുകളുടെയും നീരസത്തിനും നിസ്സഹകരണത്തിനും കാരണമായി. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ പക്ഷെ ആദര്‍ശശാലിയായ മാസ്റ്റര്‍ തയ്യാറായിരുന്നില്ല. ആ നിസ്സഹകരണം പതിറ്റാണ്ടുകള്‍ കഴിഞ്ഞു മാസ്റ്റര്‍ പ്രവാസ ജീവിതം മതിയാക്കി വിശ്രമം നയിക്കുന്ന കാലത്തോളം തുര്‍ന്നു.
അക്കാലത്തെ കുറിച്ച് മാസ്റ്റര്‍ പലപ്പോഴും പറയാറുണ്ടായിരുന്നു, ബഹുജന പിന്തുണയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു എന്ന്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ആകെ കൂട്ടുണ്ടായിരുന്നത് അദ്ദേഹത്തിന്‍റെ സമകാലികനായിരുന്ന ഇരിങ്ങല്ലുര്‍ പാലാണിയിലെ മൂച്ചിക്കാടന്‍ മമ്മുദു ഹാജി മാത്രമാണെന്ന് (ഇവര്‍ക്ക് പൊതു പൂര്‍വികന്‍ ഉണ്ടായിരുന്നു എന്ന് പുസ്തകത്തിന്‍റെ ആമുഖത്തില്‍ കാണാം). ഇരിങ്ങല്ലുരിന്‍റെ പടിഞ്ഞാറെ ഭാഗത്ത് പക്ഷെ മാസ്റ്റര്‍ക്ക്, ഒരേ പൂര്‍വിക നാമം പങ്കിടുന്ന കേക്കാനില്‍ കമ്മു സാഹിബിന്‍റെ നിരുപാധിക പിന്തുണ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെയും മാസ്റ്റര്‍ സഹോദര സമാനനായി കണ്ടിരുന്ന സുഹൃത്ത് കറുമണ്ണില്‍ ബാപ്പു ഹാജിയുടെയും പിന്തുണയോടെയാണ് അക്കാലത്ത് നാമനിര്‍ദ്ദേശക രൂപമുണ്ടായിരുന്ന പഞ്ചായത്ത് ബോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിലപാടികളിലെ കാര്‍ക്കശ്യം മാഷിന് ആവശ്യത്തിലധികം ശത്രുക്കളെ ഉണ്ടാക്കി കൊടുത്തു എന്നതൊരു വസ്തുതയാണ്. പക്ഷെ അതൊന്നും വ്യക്തി പരമായിരുന്നില്ല, മറു പക്ഷത്തുള്ളവര്‍ക്കത് മനസ്സിലായില്ലെങ്കിലും. അത് കൊണ്ടായിരിക്കുമല്ലോ സ്വന്തം ജീവന്‍ കത്തിയില്‍ കോര്‍ത്ത മച്ചുനനെ പില്‍ക്കാലത്ത് തന്‍റെ മകന്‍റെ കല്യാണം വിളിക്കാന്‍ നേരില്‍ പോയത്, ഉറ്റ സുഹൃത്തായിരുന്ന ചാലില്‍ അബ്ദുള്ള മാസ്റ്ററോട് നിലപാടുകളുടെ പേരില്‍ തെറ്റിയപ്പോഴും, സുഹൃത്ത് രോഗ ശയ്യയിലായിരുന്നപ്പോള്‍ ഇടയ്ക്കിടെ മകനെ പറഞ്ഞയക്കുകയും വിവരങ്ങളറിയുകയും ചെയ്തിരുന്നത്.
തികഞ്ഞ മനുഷ്യ സ്നേഹിയും ദയാലുവുമായിരുന്ന മാസ്റ്ററിലെ അധ്യാപകനെ വേറിട്ട് നിര്‍ത്തുന്നത്, അദ്ദേഹത്തിനു വിദ്യാര്‍ത്ഥികളുമായി ഉണ്ടായിരുന്ന ആത്മ ബന്ധമാണ്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (Osteoarthritis) കാല്‍മുട്ടുകളെ സമ്പൂര്‍ണ്ണമായും പ്രയോജന രഹിതമാക്കിയിട്ടും നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം എഴുന്നേറ്റ് നടന്നിരുന്ന അദ്ദേഹം, അവസാന വര്‍ഷങ്ങളില്‍ വീല്‍ചെയറിലും ശയ്യാവലംബിയും ആയിരുന്നു. ആ സമയങ്ങളിലും തന്നെ ഓരോരുത്തരെയും ഓര്‍ത്തെടുത്ത് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ഒരിക്കല്‍ വേങ്ങര അങ്ങാടിയില്‍ കൂടി നടക്കവെ, ഒരു പ്രൈവറ്റ് ലൈന്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വന്നു അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നു!! അടുത്ത നിമിഷം തന്നെ “സലാം മാഷേ” എന്ന് തിരിച്ചു ഓടി ബസ്സില്‍ കയറുന്നതിനിടയില്‍ ഡ്രൈവര്‍ വിളിച്ചു പറയുന്നുണ്ടായുരുന്നു. അതാരാണെന്ന ചോദ്യത്തിനു മാഷ് പറഞ്ഞ ഉത്തരം “അയാളുടെ പേരോ, നാടോ, മറ്റൊന്നുമോ എനിക്കറിയില്ല, പണ്ട് അല്‍ ഖസീമിലെ പൊരി വെയിലത്ത് ഏതോ മസ്റഅയില്‍(കൃഷിയിടം) നിന്ന് ഒളിച്ചോടി വന്നു വിശന്നു വലഞ്ഞിരുന്ന അയാള്‍ക്ക് ഞാനൊരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്”, മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന നിമിഷം!!!
പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിനു, മിക്കവാറും ഇസ്ലാമിക വൈജ്ഞാനികങ്ങളായിരുന്നെങ്കിലും. ശയ്യാവലംബി ആകുവോളം അദ്ദേഹം വായിച്ചിരുന്നു, പലപ്പോഴും അസൂയ തോന്നിയിരുന്നു, അപ്രായത്തിലും വായിക്കാന്‍ കഴിയുന്ന മാഷിനോട്.
മാസ്റ്റര്‍ രണ്ടാമത് വിവാഹം കഴിച്ച പാലത്തിങ്ങല്‍ സ്വദേശി പാട്ടശ്ശേരി തായുമ്മക്കുട്ടിയും (ആദ്യം മാസ്റ്റര്‍ വലിയോറ സ്വദേശി പട്ടര്‍കടവന്‍ ആമിക്കുട്ടിയെ വിവാഹം കഴിക്കുകയും ഒരു പെണ്‍ കുട്ടിയുണ്ടായ ശേഷം വിവാഹ മോചനം ചെയ്യുകയുമായിരുന്നു) ഒരേ വ്യക്തിയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളായിരുന്നു! കല്ലന്‍കുന്നന്‍ കമ്മു എന്ന കേക്കാനില്‍ കമ്മു സാഹിബിന്‍റെ (മാഷിന്‍റെ സമകാലികനായിരുന്ന കമ്മു കാക്കയുടെ പിതാമഹന്‍) മകളുടെ, മകന്‍റെ, മകന്‍റെ, മകനായിരുന്ന മാസ്റ്റര്‍ വിവാഹം ചെയ്ത തായുമ്മകുട്ടി അതേ കമ്മു സാഹിബിന്‍റെ മകന്‍റെ, മകന്‍റെ, മകളുടെ, മകളായിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരിക്കാം.
അറുപതുകളിലും മറ്റും അമ്പലമാട്ടിലെ HUM മദ്രസ വണ്‍മാന്‍ഷോ ആയി നടത്തിക്കൊണ്ടു പോയിരുന്ന മാസ്റ്റര്‍, പ്രവാസ ജീവിതത്തിനു ശേഷമായിരിക്കണം സലഫി ആശയവുമായയും മൗദൂദി ആശയവുമായും അടുപ്പം പുലര്‍ത്തിയിരുന്നു. 1992നു ശേഷം അദ്ദേഹം മുസ്ലിം ലീഗില്‍ നിന്നും വിട്ടു നിന്നിരുന്നു.
ആദ്യ വിവാഹത്തിലെതടക്കം നാല് പെണ്ണും ഒരു ആണുമായി അഞ്ചു മക്കളാണ് മാഷിന്. ഇളയ മകള്‍ ആയിശ “ആയിശ ചെറുമുക്ക്” എന്ന പേരില്‍ സലഫി വേദികളിലെ നിറ സാന്നിധ്യമാണ്.
മാഷെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്ത രണ്ട് പേരുകളുണ്ട്, പട്ടയില്‍ കുഞ്ഞയ്യപ്പനും(Late), അദ്ദേഹത്തിന്‍റെ സഹോദര പുത്രന്‍ തെയ്യുണ്ണിയും(ചെറിയ). ഇണങ്ങിയും പിണങ്ങിയും കലഹിച്ചും എന്നും ജീവിച്ചവര്‍, പക്ഷെ ഒരിക്കലും മൂന്ന്‍ പേരും അതിന്‍റെ പേരില്‍ പരിഭവിചിരുന്നത് കണ്ടിട്ടില്ല. സമ പ്രായക്കാരും, അയല്‍ക്കാരും, കളിക്കൂട്ടുകാരുമായിരുന്നു മാഷും കുഞ്ഞയ്യപ്പനും. മാഷാണ് ആദ്യം പോയത്, മരിക്കുവോളം എതാണ്ട് എല്ലാ ദിവസവും കുഞ്ഞയ്യപ്പന്‍ മാഷെ സന്ദര്‍ശിക്കുമായിരൂന്നു, കുറെ കുശലം പറയും, പിന്നെ കുറെ കലഹിക്കും, പിന്നെയും കുശലം പറയും!!!!. ദീപ്തമാണ് ആ ഓര്‍മ്മകള്‍, ഞങ്ങള്‍ പേരക്കുട്ടികള്‍ക്ക് ഇന്നും മാഷുണ്ടാക്കിയ മേല്‍വിലാസമാണുള്ളത്! നാട്ടിലെവിടെയും കമ്മു മാഷിന്‍റെ പേരക്കുട്ടിയാണെന്നു പറഞ്ഞാല്‍ പിന്നെ, കൂടുതല്‍ വിശദീകരണം ആവശ്യമില്ല! 2019 ഫെബ്രുവരി 1ന്, വെള്ളിയാഴ്ച അദ്ദേഹം വിട വാങ്ങിയെങ്കിലും അദ്ദേഹമിവിടെ അവശേഷിപ്പിച്ചു പോയ മുദ്ര ഞങ്ങള്‍ക്കൊരിക്കലും നഷ്ടപ്പെടില്ല.