അസൈനാര്‍ കുഞ്ഞി തേക്കിന്‍കാട്ടില്‍
സ്വാതന്ത്ര്യ സമര സേനാനിയും കോണ്ഗ്രസ് നേതാവും പൗര പ്രമുഖനുമായിരുന്ന നാട്ടുകാരുടെ “വടക്കെതൊടീലെ അയമുട്ടികാക്ക” കുട്ടികള്‍ക്ക് പ്രിയപ്പെട്ട സ്വന്തം “പാപ്പ” ആയിരുന്നു. കുഞ്ഞാന്‍ സാഹിബിന്‍റെ മകന്‍ അബ്ദുറഹിമാന്‍ കുട്ടി – കൊട്ടേക്കാട്ട് കുഞ്ഞിക്കദിയ ദമ്പതികളുടെ മൂത്ത മകനായിരുന്നു മുഹമ്മദ് കുട്ടി സാഹിബ് 1899-ല്‍ ജനിച്ചു 1996-ല്‍ മരിക്കുമ്പോള്‍ 97 വയസ്സുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വന്ന സാഹിബ്, 1935 മുതല്‍ 1952-ല്‍ സ്വയം ഭാരവാഹിത്വം രാജി വെക്കും വരെ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം നിരവധി മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. “സ്വതന്ത്ര ഭാരത” പത്രത്തിന്‍റെ ഏജന്‍റായതിന്, “യതീന്ത്ര ദാസ്” എന്ന പുസ്തകം കൈവശം വെച്ചതിന് തുടങ്ങി പല കാരണങ്ങള്‍ക്കും അദ്ദേഹം കസ്റ്റടിയില്‍ പോയിട്ടുണ്ട്.
തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മലബാര്‍ ഹോള്‍ സെയില്‍ കോ-ഓപറെറ്റീവ് സ്റ്റോര്‍, ജില്ല കോ-ഓപറെറ്റീവ് ബാങ്ക്, വേങ്ങര കോ-ഓപറെറ്റീവ് സ്റ്റോര്‍, കോട്ടക്കല്‍ പി.സി.സി സൊസൈറ്റി, മലബാര്‍ പി.സി.സി ഫെഡറെഷന്‍, മഞ്ചേരി കോ-ഓപറെറ്റീവ് യൂണിയന്‍ തുടങ്ങിയവയില്‍ ഡയരക്റ്ററോ പ്രസിഡന്‍റോ ആയിരിന്നിട്ടുണ്ട് അദ്ദേഹം. 1988-ല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്തിന് സര്‍ക്കാര്‍ അദ്ധേഹത്തെ താമ്ര പത്രം നല്‍കി ആദരിച്ചിട്ടുണ്ട്.
മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ തടഞ്ഞുവെക്കുകയും പിൽകാലത്ത് E അഹമ്മദ് സാഹിബ് (താനൂർ MLA ആയിരുന്നപ്പോൾ) ഇടപെട്ട് പുന:സ്ഥാപിച്ചു ക്കൊടുക്കുകയും ചെയ്തിട്ടുണ്ട് E മൊയ്തു മൗലവി, EMട നമ്പൂതിരിപ്പാട്, അസൈനാർ കുട്ടി താനൂർ, PMSA പൂക്കോയ ത്തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, അവുക്കാദർകുട്ടി നഹ, ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, E അഹമ്മദ് സാഹിബ് എന്നീ രാഷ്ട്രീയ പ്രമുഖരുമായി വളരേ അടുത്ത സൗഹൃദമുണ്ടായിരുന്നു. E മൊയ്തു മൗലവിയുമായി സ്ഥിരം കത്തിടപാടുകൾ നടത്തിപ്പോന്നിരുന്നു. കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ PS വാര്യരും മരുമകൻ PK വാര്യരുമായും ആത്മബന്ധം നിലവിലുണ്ടായിരുന്നു ഇടക്കാലത്ത് മലബാർ ഡിസ്ട്രിക് ബോഡിലേക്ക് കോൺഗ്രസ്സിന് വേണ്ടി മത്സരിക്കുകയും ചെയ്തിരുന്നു.
കേരള ഖാദി സഹകരണ സംഘം വക (കൈ കുത്തരി സംഘം എന്ന പേരിൽ) നെല്ലു കുത്തുന്ന മില്ല് ഉണ്ടായിരുന്നു, 18 സ്ഥിരം തൊഴിലാളികൾ അതിൽ ജോലി ചെയ്തിരുന്നു (ഇപ്പോൾ കോട്ടപ്പറമ്പ് ഹോട്ടൽ നില്ക്കുന്ന സ്ഥലത്ത്) അതിന് ശേഷം ഇവർ മൂന്ന് സഹോദര മാരും (അനുജന്മാരായ ഹസ്സൻ ഹാജിയും കുഞ്ഞി മായിൻഹാജിയും) കൂടി നിലമ്പൂരിനപ്പുറം ചുങ്കത്തറയിൽ പോകുകയുo അവിടെ മറ്റൊരു മില്ല് ആരംഭിക്കുകയും ചെയ്തു. അതു കൂടാതെ അവിടെ സ്ഥലം വാങ്ങി കൃഷി നടത്തുകയും ചെയ്തിരുന്നു, അന്ന് ചുങ്കത്തറ പ്രദേശത്തെ 95% തെങ്ങുകകളും നമ്മുടെ നാട്ടിൽ നട്ടുണ്ടാക്കിയ തൈകളാണ്, അന്നൊക്കെ കുറഞ്ഞത് ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തെങ്ങിൻ തൈ കൊണ്ട് പോകും ഇതെല്ലാം നോക്കി നടത്തിയിരുന്നത് അനുജൻ ഹസ്സൻ ഹാജിയായിരുന്നു. അത് കൊണ്ട് തന്നെ ആ നാട്ടിൽ അദ്ധേഹത്തിന് വലിയ സ്വാധീനവും സ്വീകാര്യതയും ഉണ്ടായിരുന്നു. അന്ന് ഇവർ കൃഷിക്കായി വാങ്ങിയ സ്ഥലത്താണ് ഇന്ന് കാണുന്ന മാർത്തോമ കോളേജും ആശുപത്രിയും നിലകൊള്ളുന്നത്.
കല്ലും മുള്ളും നിറഞ്ഞ ജീവിത വഴികളിലും ചുണ്ടത്തെ മായാത്ത പുഞ്ചിരിയുമായിട്ടായിരുന്നു സര്‍വ്വരെയും അദ്ദേഹം അഭിമുഖീകരിച്ചത്. നമുക്ക് പരിചിതമായ ആ വലിയ മനുഷ്യന്‍ തന്‍റെ സ്വന്തം മകനെ പോലത്തന്നെ സഹോദരങ്ങളുടെ മക്കളെയും പേരമക്കളെയും തന്‍റെ ചുറ്റിലും ചേര്‍ത്ത് നിര്‍ത്തിയിരുന്നു. നമ്മള്‍ സ്വന്തം വീട്ടിലേക്കും, ബെഡ്റൂമിലെക്കും ചുരുങ്ങിയ ഈ കാലത്ത് നിന്ന് നോക്കുമ്പോഴാണ് അന്നത്തെ ആ വിശാല സ്നേഹത്തിന്‍റെ ആഴം മനസ്സിലാവുക.
കുടുംബത്തിലെ സര്‍വ്വരെയും കൂട്ടി യാത്രകള്‍ പോകുമായിരുന്നു അദ്ദേഹം, യാത്ര ആസ്വദിക്കുന്ന കുട്ടികള്‍ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. പഠനത്തില്‍ മിടുക്ക് കാണിക്കുന്നവരേയും പഠിച്ചു ജോലി വാങ്ങിയവരെയും വലിയ ബഹുമാനമായിരുന്നു. ജീവിതത്തില്‍ അവരെ പകര്‍ത്താനും പറയുമായിരുന്നു
അന്ന് വീട്ടില്‍ വരാത്ത ആനുകാലികങ്ങള്‍ കുറവായിരുന്നു. പ്രബോധനം, ആരാമം, സോവിയറ്റ് നാട് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വീട്ടില്‍ വരുത്തിയിരുന്ന പരന്ന വായനക്കാരനായിരുന്ന സാഹിബിന്‍റെ ഗ്രന്ധ ശേഖരത്തില്‍, ഖുര്‍ആന്‍ പരിഭാഷകളും സ്വഹീഹ് ബുഖാരിയും ഉണ്ടായിരുന്നു. തനിക്കു ലഭിച്ച അറിവുകള്‍ മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നു നല്‍കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്‍റെത്.
കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിച്ചിരുന്ന സാഹിബ്, പെന്‍ഷന്‍ കിട്ടിയാലുടന്‍ കുട്ടികളെ കൂട്ടി അങ്ങാടിയില്‍ പോയി അവര്‍ക്ക് ഹോട്ടല്‍ ഭക്ഷണവും മധുര പലഹാരങ്ങളും വാങ്ങി നല്‍കുമായിരുന്നു. അവരുടെ സ്നേഹത്തിന്‍റെ ആഴം വാക്കുകള്‍ക്കതീതമാണ്, ഞങ്ങള്‍ക്കോരോരുത്തര്‍ക്കും നല്‍കിയിരുന്ന പരിഗണന വിവരണാധീതമാണ്. ഓരോരുത്തര്‍ക്കും പറയാന്‍ വ്യത്യസ്ഥ അനുഭവങ്ങലുണ്ടാവും. അവരെക്കുറിച്ചെഴുതുമ്പോള്‍ കണ്ണ് നിറയാതെ വരികള്‍ പൂരത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്‍മറഞ്ഞു 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്നേഹ നിധിയെ കുറിച്ച് ഓര്‍ക്കാത്ത ദിനങ്ങള്‍ വിരളമായിരിക്കും.
വടക്കെതൊടിയിലെ വീട് അന്നത്തെ കാലത്ത് ഒരു നാട്ടു കോടതി കൂടിയായിരുന്നു, പലരും ആവലാതിയും പരാതിയും കൊണ്ട് വടക്കെതൊടിയിൽ വരികയുo അതെല്ലാം സസൂഷ്മം കേട്ട് പരിഹരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. വൈകുന്നേരങ്ങളിലെ നിത്യ സന്ദർശകരിൽ പറമ്പൻ മുഹമ്മദ് മാസ്റ്റര്‍, കൂനാരി മൊയ്തീൻ ഹാജി, പുത്തൻവീട്ടിൽ മൊയ്തീൻ കാക്ക, ആലുങ്ങൽ അയമ്മൂട്ടി പാപ്പ, കുഞ്ഞാലൻ മാസ്റ്റർ, തൂമ്പത്ത് അയമു മാസ്റ്റർ, എന്നിവരൊക്കെ വൈകുന്നേര സന്ദർശകരായി ഉണ്ടാകുമായിരുന്നു. ഇടക്ക് ഒരാളെ പ്പറ്റിപറയാൻ മറന്നു പോയി, മിക്ക ദിവസങ്ങളിലും രാവിലെകളിൽ (ചെറുപ്പത്തിലേ മരിച്ചു പോയ) കോട്ടാട്ടിലേ കുഞ്ഞിമായിൻ കാക്ക കിഴക്കേ പൂമുഖത്ത് തൂണിനരികേ കുത്തിയിരിക്കുന്നുണ്ടാകും.
ഇദ്ധേഹത്തിന്‍റെ ഭാര്യ അമ്പലവൻ വാരിയത്ത് കുഞ്ഞിപ്പോക്കരുടെ മകൾ പാത്തുമ്മ എന്നവരായിരുന്നു. (അന്നത്തെ കാലത്ത് അഞ്ചാം ക്ലാസ് വരേ പഠിച്ച പെൺകുട്ടികളിൽ ആദ്യത്തേ ആളായിരുന്നു) അക്കാലത്ത് പാലാണിപ്പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കശപിശ ഇരു തറവാട്ടുകാർക്കമിടയിൽ നിലനിന്നിരുന്നു ഈ കല്യാണo നടന്നത് കൊണ്ട് ആ കലഹം തീരുകയും ഇരുകൂട്ടരും ഐക്യപ്പെടുകയും ഉണ്ടായി.
മരിക്കുന്നതിന്‍റെ രണ്ട് വര്‍ഷം മുമ്പാണത്, 1994 ലെ SSLC ഫല പ്രഖ്യാപന ദിനം, എന്‍റെ വിജയ വാര്‍ത്ത അറിയിക്കാന്‍ കയ്യിലുയര്‍ത്തി പിടിച്ച പത്രവുമായി വീട്ടിലേക്ക് ഓടി വരുന്ന അ ദൃശ്യം! എന്‍റെ വിജയത്തില്‍ എന്നെക്കാള്‍ സന്തോഷിച്ചത് അവരായിരിക്കണം, അതിന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞിട്ടില്ല. പിന്നീട് എത്രയോ വിജയങ്ങള്‍ ഉണ്ടായി, അഭിനന്ദിക്കാന്‍ പക്ഷെ അവരുണ്ടായിരുന്നില്ല. പുതു തലമുറയിലെ കുട്ടികള്‍ക്ക് ആ വല്യുപ്പാനെ കുറിച്ചറിയാന്‍ ഓരു ചെറിയ ശ്രമം നടത്തിയതാണ്. പറഞ്ഞാല്‍ അവസാനിക്കില്ല അവരുടെ വിശേഷങ്ങള്‍, നാളെ ജന്നാത്തുല്‍ ഫിര്ദൌസില്‍ അവരോടൊപ്പം നമ്മെയും ഒരുമിച്ച് കൂട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ.