ചുണ്ടിലെ ബീഡിക്കുറ്റി ആഞ്ഞു വലിച്ചാലും, തീ തുണച്ചില്ലെങ്കില് ‍,

തുണച്ചില്ലെങ്കില്‍ മാത്രം ....

നീട്ടിയൊരു വിളിയുണ്ട്, പറമ്പിന്‍റെ ഏതേലും മൂലയില്‍ നിന്ന്!

എരിഞ്ഞു തീരാന്‍ വെമ്പി ഒരു ചവറു കൂനയുമുണ്ടാകും മുന്നില് ‍, തലേന്ന് കിണഞ്ഞു ശ്രമിച്ചിട്ടും എരിഞ്ഞു തീരാത്തതിന്‍റെ ദൈന്യതയും കരുവാളിപ്പും വ്യക്തമാണതിന്‍റെ മുഖത്ത്,

അതൊരിക്കലും മറച്ചു വെക്കാന്‍ ശ്രമിക്കാറുമില്ലയാ ചവറു കൂന!

അന്നേ പിന്നെ ഈ, ഏകാന്തതയുടെ ‘ അസ്കിത ’ യുള്ള ഞാന്‍ കേട്ടില്ലെങ്കിലും,

കത്തി തീരാത്ത ചവറു കൂനയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടെന്നവണ്ണം, മേലാസകലം കരി പുരണ്ട, ഉമ്മയും വല്യുമ്മയും അടുക്കളയില്‍ പക്ഷെ ആ വിളി കേള്‍ക്കും.

ദിവാസ്വപ്നത്തിലിരിക്കുന്ന എന്നെ തട്ടിയുണര്‍ത്തി, അടുപ്പിലെരിയുന്ന ഒരു വിറകു കൊള്ളിയെടുത്ത് കയ്യില്‍ തരും ഉമ്മ!!

എരിയുന്ന വിറകു കൊള്ളിയുമായി ഒറ്റയോട്ടമാണ് ഉമ്മ ചൂണ്ടിയ ദിക്കിലേക്ക്!!

അടുത്ത വിളിക്ക് മുന്നെ ലക്ഷ്യത്തില്‍ എത്തിയില്ലെങ്കില് ‍, പിന്നെ അന്നത്തെ കാര്യം സ്വാഹ!!

ആരോടെന്നില്ലാത്ത ദേഷ്യത്തില്‍ ആളിയാളി കത്തും!!

ഉയര്‍ന്നു പൊങ്ങുന്ന തീ നാമ്പുകള്‍ അന്നെന്‍റെയുള്ളില് ‍ ചെറുതല്ലാത്ത ഭയം വിതച്ചിരുന്നു!

എന്നെ ഞാനാക്കിയതില് ‍ ആ തീ നാമ്പുകള്‍ക്കുള്ള പങ്ക് നിഷേധിക്കാവതല്ല!!!

പ്രവാസമാവസാനിപ്പിച്ചു സ്വമേധയാ വിരമിക്കലും വാങ്ങിയിരിക്കുമ്പോ എങ്ങനെ കൂട്ടി മുട്ടിക്കാനാണ് രണ്ടറ്റം!

അന്ന് സ്കൂളിലും കോളേജിലും പോകാന്‍ രണ്ടും അഞ്ചും രൂപയൊക്കെ പലപ്പോഴും കടം വാങ്ങിയാണ് തന്നതെനിക്ക്!

ഞാന്‍ ചോദിക്കാറില്ലെങ്കിലും, എന്‍റെ പലയാവവശ്യങ്ങളും നിവര്‍ത്തിച്ചു തരാന്‍ കഴിയാത്ത നിസ്സഹായതയില്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് പല വട്ടം!

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാവാതെ സ്വയം ജീവിക്കാന്‍ മറന്നു പോയ മനുഷ്യന്‍!!

നിലപാടുകളുടെ പേരില്‍ എന്നോടടക്കം വര്‍ഷങ്ങളോളം കലഹിച്ചപ്പോഴും, തന്‍റെ ചുറ്റിലുമുള്ള മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ലശേഷം, വിട വാങ്ങിയിട്ടിത് അഞ്ചാം വര്‍ഷം.